അസ്സലാമു അലൈക്കും,

ഓരോ മനുഷ്യനും അവന്‍ എന്തിനുവേണ്ടിയാണോ സൃഷ്ടിക്കപ്പെട്ടത്, അതിനോട് കൂടുതല്‍ താല്‍പര്യമുണ്ടാവുക എന്നതുതന്നെയാണ് മുരീദാവാനുള്ള യോഗ്യത. അവന് ആരാധന ചെയ്യാന്‍ നിര്‍ബന്ധമായ കാര്യങ്ങള്‍ പഠിക്കുകയും വേണം.

ഗൗസുല്‍ അഅ്ളം( റ ) പറയുന്നു:
മുഅ്മിനായ മനുഷ്യന്‍ അവന് നിര്‍ബന്ധമായത് പഠിക്കുകയും പിന്നെ അല്ലാഹുവിന്റെ ഇബാദത്തിന് വേണ്ടി ജനങ്ങളില്‍നിന്ന് ഒഴിഞ്ഞു നില്‍ക്കുകയും ചെയ്യും. സൃഷ്ടികളെ അറിയുകയും അവരെ വെറുക്കുകയും ചെയ്യും അല്ലാഹുവിനെ അറിയുകയും അവനെ സ്നേഹിക്കുകയും അവനെ തേടുകയും അവന് സേവനം ചെയ്യുകയും ചെയ്യും.
ഫത്ഹു റബ്ബാനി - 108 )

ഒരു മനുഷ്യന്‌ മുരീദാവാനുള്ള യോഗ്യത എങ്ങിനെ തിരിച്ചറിയാമെന്ന്  അബ്ദുല്‍ അസീസ് ദബ്ബാഗ് ( റ ) വിശദമായി സംസാരിക്കുന്നു.

ഒരു വ്യക്തിക്ക് അവന്‍ മുരീദാകാന്‍ യോഗ്യനാണോ എന്ന് അവന് സ്വയം തന്നെ മനസ്സിലാക്കാന്‍ സാധിക്കും. അവന്റെ ചിന്തയില്‍ അധികമായി ഉത്ഭവിക്കുന്നത് എന്താണെന്ന്‍ നോക്കുക. അപ്പോള്‍ അവന്റെ ചിന്തയില്‍ അല്ലാഹുവിനോടുള്ള സ്നേഹവും അവന്റെ തിരുസന്നിധിയിലേക്കുള്ള ആഗ്രഹവും അവന്റെ പ്രദാഭത്തില്‍ നിന്നുള്ള ഭയവും അവന്റെ അധികാരത്തിന്റെ മേന്മയും ആധിക്യം പുലര്‍ത്തുന്നുവെങ്കില്‍ അത് അല്ലാഹു അവനെകൊണ്ട് നന്മ ഉദ്ദേശിച്ചിട്ടുണ്ട് എന്നതിന്റെ അടയാളമാണ് . അവന്റെ ശരീരം അധികമായി തെറ്റ് ചെയ്യുന്നതാവട്ടെ നന്മ ചെയ്യുന്നതാവട്ടെ, അവന്റെ ശരീരം അധികമായി തിന്മയാണ് ചെയ്യുന്നതെങ്കിലും അല്ലാഹു അതിനെ നന്മയിലേക്കും വിജയത്തിലേക്കും സന്മാര്‍ഗ്ഗത്തിലേക്കും മടക്കിയേക്കും.( ഇബരീസ് -212 )

ഞാനിപ്പോള്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ നന്നാവണമെന്നാഗ്രഹമുള്ള ആര്‍ക്കും മുരീദാവാന്‍ യോഗ്യതയുണ്ടെന്ന് ഈ ഉദ്ദരണിയില്‍നിന്ന്‍ മനസ്സിലാക്കാം. മുരീദാവാന്‍ തന്നെ ഒരുപാട് യോഗ്യതകള്‍ വേണമെന്നൊക്കെ ഇസ്‌ലാമിന്റെ ആദ്യകാല നൂറ്റാണ്ടിലെ ശൈഖുമാര്‍ കണക്കാക്കിയിരുന്നുവെങ്കിലും പിന്നീട് വന്ന സര്‍വ്വാഗീകൃതരായ ശൈഖുമാര്‍ അതിന്റെ നിയമത്തില്‍ അയവ് വരുത്തിയിട്ടുണ്ട് .

മഹാനായ നിളാമുദ്ദീന്‍ ഔലിയ( റ ) തന്റെ 'സിയറുല്‍ ഔലിയാഅ് ' എന്ന കിതാബില്‍ ഇതേകുറിച്ച് വ്യക്തമായി പ്രതിബാദിക്കുന്നുണ്ട്. മഹാനവറുകള്‍ പറയുന്നു:
" യഥാര്‍ത്ഥ മുരീദാവണമെങ്കില്‍ അല്ലാഹുവല്ലാത്ത മറ്റൊന്നിനോടും ബന്ധമില്ലാതിരിക്കണം. ഏതൊരാള്‍ക്ക് ഈ അവസ്ഥ എത്തിയിട്ടില്ലയോ അയാള്‍ക്ക് ആദ്യകാല മശാഇഖുമാര്‍ ബൈഅത്ത് നല്‍കുകയില്ലായിരുന്നു. പക്ഷെ, തസവ്വുഫിന്റെ ഉന്നത പണ്ഡിത പ്രഭുക്കളായ ശൈഖ് അബൂസഈദ് അബുല്‍ ഖൈര്‍ ( റ ) മുതല്‍ സൈഫുദ്ദീന്‍ ബാഖര്‍സി( റ ) വരെയും ശൈഖുല്‍ ഇസ്‌ലാം ശിഹാബുദ്ദീന്‍ സുഹറ വര്‍ദ്ധി( റ ) മുതല്‍ ശൈഖു ശ്ശുയുഖ് ബാബാ ഫരീദ് ഖന്‍ജ് ശകര്‍ ( റ ) വരെയുമുള്ള ശൈഖുമാരൊക്കെ പണ്ഡിത പാമര, പ്രശസ്ത, അപ്രശസ്ത, ഭരണാധികാരി, ഭരണീയന്‍ വ്യത്യാസമന്യേ എല്ലാ വിഭാഗക്കാര്‍ക്കും സമൂഹത്തിന്റെ ഏത് കോണില്‍ ജീവിക്കുന്ന ആര്‍ക്കും ബൈഅത്ത് നല്‍കിയിരുന്നു:- അവരൊക്കെ ആര്‍ക്കൊക്കെ ബൈഅത്ത് നല്‍കിയോ ആരെയൊക്കെ മുരീദാക്കിയോ അവരെയൊക്കെ ഞാനും മുരീദാക്കും. അല്ലാഹുവിന്റെ ഇഷ്ടദാസനായ ഒരാളുടെ തണലില്‍ ദോഷികളായ ഒരു ജനകൂട്ടത്തെ മുഴുവന്‍ അല്ലാഹുവിന്റെ റഹ്മത്തില്‍ കൊണ്ടുവരാന്‍ ഉദ്ദേശിച്ചാല്‍ അയാള്‍ക്കത് സാധിക്കും. ഒരു പക്ഷെ നിങ്ങള്‍ ചോദിച്ചേക്കാം. മുരീദാക്കുന്ന വിഷയത്തില്‍ എന്തുകൊണ്ട് നിങ്ങള്‍ വേണ്ടത്ര സൂക്ഷ്മത പുലര്‍ത്തുനില്ല? അതിന്റെ കാരണമിതാണ് എന്റെ ഈ ഹല്‍ഖയില്‍ വരുന്ന അധികമാളുകളും എല്ലാ തെറ്റുകളില്‍ നിന്നും മാറിനില്‍ക്കുന്നു. കൃത്യമായി ജമാഅത്തിന് പങ്കെടുക്കുന്നു. വളീഫകളും സുന്നത്തുകളും അനുഷ്ടിക്കുന്നു. ( സിയറുല്‍ ഔലിയാ 357 )

മഹാനായ ഖുതുബുല്‍ അഖ്‌താബ് ജീലാനി( റ ) തന്റെയടുത്ത് ഏത് ദോഷങ്ങള്‍ പരാതി പറഞ്ഞാലും അവര്‍ക്കൊക്കെ ദിക്ര്‍ നല്‍കി അവരുടെ മനസ്സിനെ സ്ഫുടം ചെയ്യുകയായിരുന്നു ചെയ്തിരുന്നത് .

ജീലാനി( റ ) വിനെ തൊട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് ( കിത്താബ് സൈരി വസുലൂഖി 54-55 ) നിസ്കാരമോഴിവാക്കുന്ന, അത് വീട്ടുന്നതില്‍ അലംഭാവം കാണിക്കുന്ന ആള്‍ അദ്ദേഹത്തിന്റെ അടുത്ത് വരും. അപ്പോള്‍ അവനോട് പറയും. നീ; ലാഇലാഹ ഇല്ലല്ലാഹ് എന്ന ദിക്ര്‍ അധികരിപ്പിക്കുക. മദ്യപിക്കുന്ന അല്ലെങ്കില്‍ വ്യഭിചാരം ചെയ്യുന്ന ആളുകള്‍ അവിടുത്തെ തിരുസന്നിധിയില്‍ വരും. അല്ലെങ്കില്‍ അതുപോലുള്ള ചീത്ത പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന ആളുകള്‍ വരും. അവരോടും ഇതേ ദിക്ര്‍ ചൊല്ലാന്‍ പറയും. എന്തെങ്കിലും തിന്മ ചെയ്യുന്ന അല്ലെങ്കില്‍ കല്‍പിക്കപ്പെട്ടത് ചെയ്യാത്ത ആര്‌ വന്നാലും അവിടുന്ന്‍ ദിക്ര്‍ കൊണ്ട് കല്‍പിക്കുമായിരുന്നു.

നിങ്ങളെ ഞങ്ങള്‍ ഔലിയാക്കളുടെ ഇന്നത്തെ രാജാവായ ഖുതുബ്സമാന്‍ ശൈഖ് യൂസുഫ് സുല്‍ത്താന്‍ ശാഹ് ഖാദിരി ചിസ്തി അവര്‍കളിലെകും അവിടുത്തെ ഖലീഫമാരിലെക്കും ക്ഷണിക്കുന്നു, നന്നാവാന്‍ ഉദ്ദേശിച്ച് നല്ല ഉദ്ദേശത്തോടെ നിങ്ങള്‍ക്ക് വരാം പൂര്‍ണ്ണ തൌഹീദില്‍ ബൈഅത്ത് ചെയ്യാം ഈമാന്‍ ഊട്ടി ഉറപ്പിക്കാം നിസ്കാരം,നോമ്പ് തുടങ്ങിയ സല്‍കര്‍മ്മങ്ങളെ ഭയഭക്തിയും ആത്മാര്‍ഥതയും ഉള്ളതാക്കി സര്‍വ്വ ശക്തനായ അല്ലാഹുവിന്റെ സാമിപ്യം കരസ്ഥമാക്കാം!!!

സത്യം സത്യമായി മനസിലാക്കുവാന്‍  അള്ളാഹു നമുക്ക് തൌഫീക്ക് നല്‍കട്ടെ. ആമീന്‍