അസ്സലാമു അലൈക്കും,

മനുഷ്യനെ സൃഷ്‌ടിച്ച അല്ലാഹു മനുഷ്യന്റെ ലക്ഷ്യവും മാര്‍ഗ്ഗവും നിശ്ചയിച്ചു. വിശ്വസിക്കേണ്ടതും അനുഷ്ടിക്കേണ്ടതും അകറ്റി നിര്‍ത്തേണ്ടതും പഠിപ്പിച്ചു. അല്ലാഹു നിശ്ചയിച്ച മാര്‍ഗ്ഗത്തിലൂടെ ലക്ഷ്യത്തിലേക്ക് നീങ്ങുന്നവരാണ് വിജയികള്‍ . അല്ലാത്തവര്‍ പരാജിതരാണ് .

ലക്ഷ്യം നേടാന്‍ അല്ലാഹു തന്നെ നിശ്ചയിച്ച മാര്‍ഗ്ഗം സ്വീകരിക്കുകയാണ് വേണ്ടത് . അല്ലാതെ തന്റെ ബുദ്ധിയിലും യുക്തിയിലും ഉദിക്കുന്ന ആശയങ്ങള്‍ , തന്നെ ലക്ഷ്യത്തിലേക്കെത്തിക്കുമെന്ന് കരുതി അതിനനുസരിച്ച് നീങ്ങുന്നത് അപകടമാണ് . അവര്‍ക്ക് ലക്ഷ്യത്തിലേക്കെത്താന്‍ കഴിയുകയില്ല .
അല്ലാഹുവിനെ അറിഞ്ഞ് ആരാധിച്ച് അവന്റെ സാമിപ്യവും തൃപ്തിയും നേടുകയാണ്‌ മനുഷ്യന്റെ ലക്ഷ്യം. ഈ ലക്ഷ്യം സാക്ഷാത്കരിക്കനാണ് അല്ലാഹു ആദം നബി( അ ) മുതലുള്ള അവന്റെ പ്രതിനിധികളെ അയച്ചത് . അന്ത്യനാള്‍ വരെ ഈ പ്രതിനിധികള്‍ അഥവാ ഖലീഫമാര്‍ നിലനില്‍ക്കും. സൃഷ്ടികളെ അല്ലാഹുവിലേക്ക് അടുപ്പിക്കുന്ന വസീലകളാണ് ( മധ്യവര്‍ത്തികള്‍ ) ഈ ഖലീഫമാര്‍ . ഈ മധ്യവര്‍ത്തികളെ സ്വീകരിക്കാതെ അല്ലാഹുവിലേക്കെത്തുകയില്ല.
അല്ലാഹുവിന്റെ ഖലീഫമാരെ അവഗണിച്ചവര്‍ പരാജയപ്പെട്ടുവെന്നതിന് ലോക ചരിത്രം സാക്ഷിയാണ്.

ബോധ്യപ്പെട്ട സത്യങ്ങളേയും ദ്രിഷ്ടാന്തങ്ങളേയും അവഗണിച്ച് അല്ലാഹുവില്‍ നിന്ന് അകന്ന് നില്‍ക്കുകയാണ് മനുഷ്യന്‍ . അല്ലാഹുവിന്റെ ഖലീഫമാര്‍ താനോ താന്‍ ഉദ്ദേശിക്കുന്നവരോ ആയേ പറ്റൂ എന്നും, അല്ലാത്ത പക്ഷം താന്‍ അംഗീകരിക്കുകയില്ലെന്നും ശാഠൃം പിടിച്ച് മാറി നില്‍ക്കുന്നവരും മറ്റുള്ളവരെ മാറ്റി നിര്‍ത്തുന്നവരും തികഞ്ഞ പരാജയത്തിലേക്കാണ് നീങ്ങുന്നത് . അത്തരക്കാര്‍ക്ക് ഭൗതിക സൗകര്യങ്ങളും സ്വാധീനങ്ങളും ഉണ്ടായേക്കാം കണ്ണും കാതും ഹൃദയവും അവര്‍ക്കുണ്ട്. പക്ഷേ, അഹങ്കാരവും ദുര്‍വ്വാശിയും അവരെ സത്യത്തില്‍ നിന്ന് അകറ്റി. അവസാനം മരണം ആഗതമാവുകയും ആത്യന്തിക പരാജയം ഉറപ്പാകുകയും ചെയ്യുന്ന അവസ്ഥയില്‍ അവരെ രക്ഷിക്കാന്‍ അവരുടെ സൗകര്യങ്ങള്‍ക്കോ സ്വാധീനങ്ങള്‍ക്കോ കഴിയില്ല.

കഠിനമായ നരക ശിക്ഷയാണ് ഇത്തരക്കാര്‍ക്കായി അല്ലാഹു ഒരുക്കി വെച്ചിരിക്കുന്നത് . ഇക്കൂട്ടര്‍ മൃഗത്തേക്കാള്‍ അധ:പതിച്ചവരാണെന്ന് വിശുദ്ധ ഖുര്‍ആന്‍ ബോധ്യപ്പെടുത്തുന്നു " ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും നാം ധാരാളം പേരെ നരകത്തിനു വേണ്ടി സൃഷ്ടിച്ചിട്ടുണ്ട് . അവര്‍ക്ക് ഹൃദയങ്ങളുണ്ട് . അതുപയോഗിച്ച് അവര്‍ കാര്യം ഗ്രഹിക്കുകയില്ല. അവര്‍ക്ക് കണ്ണുകളുണ്ട് . അതുപയോഗിച്ച് അവര്‍ കണ്ടറിയുകയില്ല. അവര്‍ക്ക് കാതുകളുണ്ട് . അതുപയോഗിച്ച് അവര്‍ കേട്ടു മനസ്സിലാക്കുകയില്ല. അവര്‍ നാല്‍ക്കാലികളെ പോലെയാകുന്നു. അല്ല, അവരാണ് കൂടുതല്‍ പിഴച്ചവര്‍ . അവര്‍ തന്നെയാണ് അശ്രദ്ധര്‍ " ഈ വിഭാഗത്തില്‍ പെടുന്നത് എല്ലാവരും സൂക്ഷിക്കുക.