അസ്സലാമു അലൈക്കും,

പരിശുദ്ധമായ തൗഹീദ്  " ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദുര്‍റസൂലുള്ളഹ് " എന്ന മഹിതമായ സന്ദേശത്തിനാണ് ലോകത്ത് നിയോഗിതരായ പ്രവാചകന്മാര്‍ മുഴുവന്‍ സാക്ഷിയായത് . പാവനമായ ഈ സന്ദേശവുമായി വന്നവര്‍ക്കെല്ലാം ഒട്ടനേകം പ്രയാസങ്ങള്‍ തരണം ചെയ്യേണ്ടി വന്നിട്ടുണ്ട് .

ജനങ്ങളില്‍ ഏറ്റവും പ്രതിസന്ധി അമ്പിയാക്കള്‍ക്കും പിന്നെ ഔലിയാഇനും പിന്നെ അവരെപോലുള്ളവര്‍ക്കുമാണ് എന്ന നബി( സ ) തങ്ങളുടെ തിരുവചനം അര്‍ത്ഥപൂര്‍ണ്ണമാകുന്നത് അപ്പോഴാണ് . നബി( സ ) തങ്ങള്‍ക്കും സ്വഹാബത്തിനും ഗൗസുല്‍ അഅ്ളമിനും പ്രയാസങ്ങള്‍ ഏറെ സഹിക്കേണ്ടി വന്നു. അവരതിനെ തരണം ചെയ് തു.

എനിക്ക് ശേഷം മഹ്ദി( അ ) മിന്റെ കാലമാണ് . മഹാനവര്‍കള്‍ക്കും പ്രതിസന്ധികളുണ്ടാകും. മഹ്ദി( അ ) നെതിരെ തിരിയുന്നവര്‍ ദുഷിച്ച പണ്ഡിതരായിരിക്കും. ആത്മീയ സരണിയില്‍ പ്രവേശിച്ചവര്‍ക്ക് അവരുടെ ശൈഖുമാര്‍ വഴി മഹ്ദി( അ ) നെ സംബന്ധീച്ച് സന്ദേശം ലഭിച്ച് അവര്‍ മഹ്ദി( അ ) ന്റെ അനുകൂലികളായിമാറും.

വിശുദ്ധ തൗഹീദിനെയും അതിന്റെ പ്രചാരകരേയും എതിര്‍ക്കുന്ന ഇന്നത്തെ ദുഷിച്ച പണ്ഡിതരെപോലെ തന്നെ മഹ്ദി( അ ) നെ എതിര്‍ക്കുന്നവരും യഥാര്‍ത്ഥ പണ്ഡിതരല്ല. കാരണം,
" എന്റെ സമുദായത്തിലെ പണ്ഡിതന്മാര്‍ ഇസ്രയേല്‍ വിഭാഗത്തിലെ പ്രവാചകന്മാരെപോലെയാണ് " എന്ന ഹദീസും സമാനാര്‍ത്ഥത്തിലുള്ള പണ്ഡിതന്മാരെ പുകഴ് ത്തുന്ന മറ്റു ഹദീസുകളും സൂചിപ്പിക്കുന്നത് ഇല്‍മുല്‍ യഖീനും മഅ്രിഫത്തും കരസ്ഥമാക്കിയ പണ്ഡിതരെയാണ് . അല്ലാതെ ത്വലാഖിന്റെയും ഇത്ഖിന്റെയും മസ് അലകള്‍ മാത്രം പഠിച്ചവരെയല്ല.
തൗഹീദിന്റെ പ്രചരണത്തിന് എതിരായി നീങ്ങുന്ന ദുഷിച്ച പണ്ഡിതരോ, അധികാരമോ, സമ്പത്തോ നമ്മുടെ മുന്നില്‍ ഒരു പ്രശ്നമല്ല. കാരണം നാം കാര്യങ്ങള്‍ അല്ലാഹുവില്‍ ഏല്‍പ്പിച്ചവരാണ് .

സമ്പത്തിനും അധികാരത്തിനും ദുഷിച്ച പാണ്ടിത്യത്തിനുമാണ് ആധിപത്യം ലഭിക്കുകയെങ്കില്‍ ഫറോവയും, ഖാറൂനും, ബല്‍ആമും, ഇബ്‌നുസഖയും, ജാലൂത്തുമാണ് പിടിച്ചുനില്‍ക്കേണ്ടിയിരുന്നത് . അത് നടന്നില്ലെന്ന് മാത്രമല്ല. ഫറോവയുടെ സിംഹാസനത്തില്‍ വളര്‍ന്ന മൂസാ( അ ) ഉം ഔലിയാഇനെ ആദരിച്ച ഗൗസുല്‍ അഅ്ളമും അല്ലാഹു തെരഞ്ഞെടുത്ത താലൂത്തുമാണ് വിജയം വരിച്ചത്‌ .

അല്ലാഹുവിന്റെ ഭാഗത്തുനിന്നുള്ള സമ്മതം ലഭിച്ചതിന് ശേഷമാണ് ഞാന്‍ വിശുദ്ധ തൗഹീദിന്റെ സന്ദേശവുമായി പ്രബോധനത്തിനിറങ്ങിയിരിക്കുന്നത് .

പിടിവാശിയും, സംരക്ഷിച്ചു വരുന്ന സ്ഥാനമാനങ്ങളും സംഘടനകള്‍ ഉണ്ടാക്കിയ ചട്ടകൂടുകളും ഏതാനും അനുയായികളെ കുറിച്ചുള്ള ചിന്തയും സമ്പത്ത് നഷ്ടപ്പെടുമെന്ന ആശങ്കയുമാണ് നിങ്ങള്‍ക്ക് ഈ വിശുദ്ധമാര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നതിന് തടസ്സമെങ്കില്‍ അല്ലാഹുവിന്റെ സാന്നിധ്യത്തില്‍ നിങ്ങള്‍ക്ക് പരാജയം നേരിടേണ്ടി വരുമെന്ന് ഞാന്‍ നിങ്ങളെ ഓര്‍മ്മപ്പെടുത്തുന്നു.

"സത്യം സത്യമായി മനസിലാക്കുവാന്‍  അള്ളാഹു നമുക്ക് തൌഫീക്ക് നല്‍കട്ടെ."
ആമീന്‍