ഇസ്‌ലാം സമ്പൂര്‍ണ്ണവും സമഗ്രവുമാണ് . ശരീഅത്തും ത്വരീഖത്തും ഇസ്‌ലാമിന്റെ അനിവാര്യ ഘടകങ്ങളാണ് . ഇതെല്ലാം ചേര്‍ന്ന സമ്പൂര്‍ണ്ണ ഇസ്‌ലാമാണ് 1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് നബി( സ ) തങ്ങള്‍ പ്രബോധനം ചെയ്‌തത്‌ പരിശുദ്ധരായ സ്വഹാബികളും പൂര്‍വ്വീകരായ മഹത്തുക്കളും ഈ സമ്പൂര്‍ണ്ണ ഇസ്‌ലാമിന്റെ ആളുകളായിരുന്നു.



പരിഷ്‌കരണത്തിന്റെയും നവോത്ഥാനത്തിന്റെയും പേരില്‍ ചില സംഘടനകള്‍ ഇസ്‌ലാമിനെ വികലമാക്കി. അതിന്റെ സുപ്രധാന ഭാഗങ്ങള്‍ മാറ്റിവെച്ച് ഇതാണ് ദീനെന്ന് പറഞ്ഞ് പുതിയ ഇസ്‌ലാമിനെ അവതരിപ്പിക്കുന്നു. ഇത് അപകടകരമാണ് . ഈ പുതിയ ഇസ്‌ലാമിനെ മാറ്റിവെച്ച് പഴയ ഇസ്‌ലാമിലേക്കാണ്‌ സമൂഹം തിരിച്ച് പോവേണ്ടത് . ത്വരീഖത്ത് ഒരു പുതിയ പ്രസ്ഥാനമല്ല.ഇസ്‌ലാമിന്റെ അനിവാര്യ ഘടകമാണ് . അത് നബി( സ ) തങ്ങള്‍ പഠിപ്പിച്ച് തന്നതാണ് .


ത്വരീഖത്ത് വേണ്ടെന്ന്‍ പറയുന്നവര്‍ ഇസ്‌ലാമിന്റെ ഒരു ഭാഗം മുറിച്ചുമാറ്റണമെന്നാണ് ആവശ്യപ്പെടുന്നത് . ഒരു മുസ്‌ലിമിന് ഇത് അംഗീകരിക്കാനോ ഇസ്‌ലാമിന്റെ സുപ്രധാന ഭാഗമായ ത്വരീഖത്തിനെ അവഗണിക്കാനോ പുച്ചിച്ച് തള്ളിക്കളയാനോ കഴിയില്ല. ദീനി കാര്യങ്ങള്‍ പുച്ചിക്കുന്നതും നിഷേധിക്കുന്നതും മുനാഫിഖുകളുടെ സ്വഭാവമാണ് . മുനാഫിഖുകളേയും കാഫിറുകളേയും ഒരുമിച്ച് നരകത്തില്‍ സംഗമിപ്പിക്കുമെന്നാണ് അല്ലാഹു താക്കീത് ചെയ്യുന്നത് . 


മഹാനായ ഗൗസുല്‍ ഗൗസുല്‍ അഅ്ളം( റ ) ന്റെ വിശുദ്ധമാര്‍ഗ്ഗമാണ് ഖാദിരിയ്യാ ത്വരീഖത്ത് . അതിനെ ആലുവാ ത്വരീഖത്തെന്ന് പറഞ്ഞ് പരിഹസിക്കുന്നത് ശരിയല്ല. ഞാനീ ത്വരീഖത്തിന്റെ ആളായത് കൊണ്ടാണ് ആലുവാ ത്വരീഖത്തെന്ന് പറഞ്ഞ് പരിഹസിക്കുന്നതെങ്കില്‍ ശരീഅത്തിന്റെ വക്താക്കളെന്ന്‍ അവകാശപ്പെടുന്നവരെ കാരന്തൂര്‍ ശരീഅത്തുകാര്‍ , ചേളാരി ശരീഅത്തുകാര്‍ , ദക്ഷിണ ശരീഅത്തുകാര്‍ എന്നിങ്ങനെ വിളിക്കേണ്ടിവരും.

സകല സംഘടനകളും നിങ്ങള്‍ക്കെതിരാണല്ലോ ആരാണ് നിങ്ങളുടെ കൂടെയുള്ളത് . നിങ്ങളെ ആര് സംരക്ഷിക്കും. എന്നൊക്കെയാണ് ചിലര്‍ ചോദിക്കുന്നത് .ആനപ്പടയുമായി അല്ലാഹുവിന്റെ വിശുദ്ധ ഭവനമായ കഅ്ബയെ തകര്‍ക്കാന്‍ വന്ന അബ്രഹത്തിന്റെ കഥയാണ്‌ എനിക്കവരെ ഓര്‍മ്മിപ്പിക്കാനുള്ളത് . അബ്രഹത്തില്‍ നിന്ന് കഅ്ബയെ സംരക്ഷിച്ച അല്ലാഹുവാണ് ഞങ്ങളുടെ കൂടെയുള്ളത് . മുഴുവന്‍ സംഘടനകളും ചേര്‍ന്ന്‍ ശക്തമായി എതിര്‍ത്താലും ഈ വിശുദ്ധ മാര്‍ഗ്ഗത്തെ അവന്‍ സംരക്ഷിക്കുക തന്നെ ചെയ്യും. ആരൊക്കെ കൂടെയുണ്ടായാലും ഇല്ലെങ്കിലും ശരി. അതില്‍ ഒരു സംശയവുമില്ല.


വിശുദ്ധ തൗഹീദുമായി രംഗത്ത് വന്നവരാണ് നബിമാര്‍ . മുഴുവന്‍ നബിമാരും " ലാഇലാഹ ഇല്ലല്ലാഹു മുഹമ്മദുര്‍റസൂലുല്ലാഹ് " യുടെ ആളുകളായിരുന്നു. പണ്ഡിതന്മാര്‍ പ്രവാചകന്മാരുടെ അനന്തരാവകാശികളാണ് എന്നാണ് നബി( സ ) തങ്ങള്‍ പറഞ്ഞത് . അല്ലാഹുവില്‍നിന്നോ അവന്റെ ഭാഗത്ത് നിന്ന് സമ്മതം ലഭിച്ചവരില്‍നിന്നോ ഈ തൗഹീദ് സ്വീകരിച്ച് അവര്‍ നിര്‍ദ്ദേശിച്ചപോലെ ഉള്‍ചേര്‍ത്ത് വെച്ചവരായിരുന്നു നബിമാരും ഔലിയാക്കളും. ഈ വിശുദ്ധ തൗഹീദിനെ ഈ രീതിയില്‍ ചേര്‍ത്ത് വെക്കുമ്പോഴാണ് പണ്ഡിതന്മാര്‍ പ്രവാചകന്മാരുടെ അനന്തരാവകാശികളാകുന്നത് . അവരാണ് ഉഖ്‌റവിയായ പണ്ഡിതന്മാര്‍ .

തൗഹീദിനെ എതിര്‍ത്തവരാണ് അബൂലഹബും, അബൂജഹലും, ഉത്ബത്തും, ശൈബത്തുമൊക്കെ. തൗഹീദിനെ തിരസ്കരിച്ച ഇവരുടെ പാരമ്പര്യമല്ല മറിച്ച് അത് സ്വീകരിച്ച് ഹൃദയത്തോട് ചേര്‍ത്തുവെച്ച അമ്പിയാക്കളുടെയും ഔലിയാക്കളുടെയും പാരമ്പര്യമാണ് നാം സ്വീകരിക്കേണ്ടത് .